ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ ശിവരാത്രിദിന സന്ദേശം - 2
“ശ്രീപരമേശ്വരൻ്റെ തത്വനാമം പരമശിവൻ “
ശ്രീപരമേശ്വരൻ്റെ അനന്തപര്യായങ്ങളെയെല്ലാം തത്വനാമം, അനന്യനാമം, അവ്യയനാമം, വിഭൂതിനാമം എന്നിങ്ങനെ നാല് തരം നാമങ്ങളിലായി സംഗ്രഹിക്കാം.
ശ്രീപരമേശ്വരൻ്റെ തത്വനാമമാണ് പരമശിവൻ, ശിവൻ, ശിവം എന്ന വിശിഷ്ട പദം. പ്രപഞ്ചം, കാലം, ജീവികൾ, ദേവൻമാർ, ഭഗവാന്മാർ എന്നിവർ ഉണ്ടാകുന്നതിന് മുമ്പുള്ള നിർഗുണബ്രഹ്മത്തേയും വിശ്വോത്പത്തിക്ക് കാരണഭൂതനായ സഗുണബ്രഹ്മത്തേയും പ്രതിനിധാനം ചെയ്യുന്ന തത്വനാമമാണ് പരമശിവശബ്ദം.
ആരാണു പരമശിവൻ ?
എന്താണ് ശിവശബ്ദത്തിനർത്ഥം?
പല നിർവ്വചനങ്ങളിൽ ചിലത് മാത്രം നൽകാം.
1. “ശുദ്ധത്വാർത്തു ശിവഃ പ്രോക്തഃ” – പരിശുദ്ധി നിമിത്തം ശിവൻ എന്നു വിശേഷിപ്പിക്കപ്പെടുന്നു.
2. “ശോഭനത്വാത് ശിവഃ” – പ്രകാശസ്വരൂപനാകയാൽ ശിവൻ,
3. “ശാമ്യതീതി ശിവഃ” ശാന്തിസ്വരൂപനാകയാൽ ശിവൻ,
4. “വഷ്ടീതി ശിവഃ” സർവ്വവ്യാപിയാകയാൽ ശിവൻ,
5. ശേതേ ഽ”സ്മിൻ സർവ്വമിതി ശിവഃ” എല്ലാത്തിനേയും ഉൾക്കൊള്ളുന്നതിനാൽ ശിവൻ
6. മംഗളകാരിയായതിനാൽ ശിവൻ ശിവശബ്ദം മംഗളവാചകമാണ്.
ഇങ്ങനെ എത്രയോ നിർവ്വചനങ്ങൾ?!
ഋഷികൾ നൽകുന്ന പരമശിവ നിർവ്വചനം
നമ്മുടെ ശിവൻ എന്ന് ശ്രീനാരായണ ഗുരുദേവൻ വിശേഷിപ്പിച്ച – ആർഷഗുരുപരമ്പരകളുടെ പരമശിവൻ, സനാതനധർമ്മത്തിലെ പരമശിവൻ ആരാണ്?
വേദാന്തം, യോഗം, തന്ത്രം, സിദ്ധാന്തം തുടങ്ങിയ എല്ലാ പരാവിദ്യകളിലും (അദ്ധ്യാത്മിക വിദ്യകൾ) പരമശിവൻ ആണ് പരമതത്വം. യോഗത്തിൽ സഹസ്രാര പത്മത്തിൽ വിരാജിക്കുന്ന പരമശിവന്റെ സാക്ഷാത്കാരം ഉണ്ടാകുമ്പോഴാണ് മോക്ഷം ലഭിക്കുക. (“പടിയാറും കടന്നവിടെ ചെല്ലുമ്പോൾ (ഷഡ് ചക്രങ്ങൾ ഭേദിച്ച്) ശിവനെ കാണാകും ശിവ ശംഭോ!”) തന്ത്രവിദ്യയുടെ 36 തത്വങ്ങളിൽ ഒന്നാം തത്വം ശിവതത്വം ആണ്. സിദ്ധാന്ത മാർഗ്ഗത്തിലും പരമതത്ത്വം ശിവൻ തന്നെ. വേദാന്തത്തിലും ശിവോഹ പ്രാപ്തിയാണ് മോക്ഷം.
പരമേശ്വരതത്വമായിത്തന്നെയാണ് ഇതിലെല്ലാം പരമശിവനെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ പിന്നീട് ചില മാമൂൽവാദികളും അവരെഴുതിയ അബദ്ധകൃതികളും പരമേശ്വരൻ്റെ ഈ തത്വനാമത്തെ ത്രിമൂർത്തികളിലൊരാളെന്ന രീതിയിൽ പരിമിതമാക്കി പ്രചരിപ്പിച്ചു. ഒരേയൊരീശ്വൻ്റെ പര്യായങ്ങളായ ഈശ്വരനാമങ്ങളെ (ശിവൻ, ദേവി, വിഷ്ണു, ബ്രഹ്മാവ് etc) മനുഷ്യശരീരമുള്ളവരാക്കിയെന്ന് മാത്രമല്ല അവരുടെ വികല ഭാവനകളിൽ വിരിഞ്ഞ ബാലിശ കഥകളും ഇവയോടൊത്ത് ചേർത്ത് പ്രചരിപ്പിച്ചു. മനുഷ്യനേക്കാൾ ചിലപ്പോൾ മൃഗത്തേക്കാൾ അധമമായി അവരെ ചിത്രീകരിച്ചു. പുരാണങ്ങൾ ഇതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. അതാണ് നിങ്ങളുടെ (സങ്കല്പത്തിലുള്ള) ശിവനെയല്ല നമ്മുടെ (സിദ്ധപരമ്പരയുടെ) ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത് എന്ന് ശ്രീനാരായണ ഗുരു അർത്ഥഗർഭമായ ചെറുവാക്യത്തിലൂടെ പരാമർശിച്ചത്.
സിദ്ധമഹർഷിമാർ നൽകുന്ന നിർവ്വചനം ഇതാണ്
को वा परमशिव:?
यस्य आत्मनो अन्य: ईश्वरो नास्ति, निराश्रय: निरामयश्च भूत्वा समस्तलोकाय सदा शिवं (मङ्गलं, परमश्रेय:) दत्वा प्रशोभितो परमज्योति:, सच्चिदानन्दस्वरूप: सनातन: परमेश्वर: एक एव परं ब्रह्म तत्वम्। परमशिव:।
യസ്യ ആത്മനോ അന്യ : ഈശ്വരോ നാസ്തി, നിരാശ്രയ : നിരാമയശ്ച ഭൂത്വാ
സമസ്ത ലോകായ സദാശിവം (മംഗളം, പരമശ്രേയം ) ദത്വാ പ്രശോഭിതോ
പരമ ജ്യോതി: സച്ചിദാനന്ദ സ്വരൂപ: സനാതന:പരമേശ്വര: ഏക ഏവ പരം ബ്രഹ്മ തത്വം പരമശിവ:
നിരാശ്രയനും (തനിക്ക് താനല്ലാതെ മറ്റാരുടെയും ആശ്രയം ഇല്ലാത്തവൻ) നിരീശ്വരനും (തനിക്ക് താനല്ലാതെ മറ്റൊരു ഈശ്വരനോ പതിയോ നാഥനോ ഇല്ലാത്തവൻ – നിരീശൻ, അനീശ്വരൻ, അനീശൻ) നിരാമയനും വിശ്വോൽപത്തിക്ക് മുൻപും അതിനുശേഷവും സദാ ശിവം ചൊരിഞ്ഞ് പ്രകാശിക്കുന്ന സദാശിവനും (ശിവം – ലോകം ഒന്നും ഇല്ലാതിരിക്കുമ്പോഴും പരംജ്യോതി സച്ചിദാനന്ദസ്വരൂപിയായി എല്ലാറ്റിൻ്റെയും ആദികാരണമായി വർത്തിക്കുന്ന പരബ്രഹ്മചൈതന്യമാണ് ശിവം. (സദാശിവൻ, ശിവ കേവലം, രുദ്രത്വം ആസീത് – നിർഗുണബ്രഹ്മം) ലോകങ്ങൾ, കാലം, ജീവികൾ ഉണ്ടാകുമ്പോൾ സമസ്ത ലോകങ്ങൾക്കും ജീവികൾക്കും സദാ മംഗളം, കല്യാണം, പരമനന്മ, ശുഭം, ഹിതം ചൊരിഞ്ഞ് (നൽകി) പ്രകാശിക്കുന്ന സഗുണബ്രഹ്മം – മൂർത്തിയാണ്, സാംബശിവൻ). നിത്യശുദ്ധബുദ്ധമുക്തനും (നിത്യ ശുദ്ധ, നിത്യ ബുദ്ധ, നിത്യ മുക്തനായ (മുണ്ഡക ഭാഷ്യം പുറം 84 ശങ്കരാചാര്യർ – നിത്യ ശുദ്ധ ബുദ്ധ മുക്തൻ), സ ച ഭഗവൻ നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വഭാവ അപി സൻ ഗീതാഭാഷ്യം പുറം 14 ശങ്കരാചാര്യർ)
– പരംജ്യോതി സച്ചിദാനന്ദസ്വരൂപിയും സനാതനനും പരമേശ്വരനും ആയ ഏക പരബ്രഹ്മ തത്വമാണ് പരമശിവൻ.
ശിവലിംഗോപാസന എന്ന പ്രതീകം
അകായനും, നിരാകാരനും, നിരവയവനും, നിരാമയനും, അനീശ്വരനും, നിരാശ്രയനുമാണ് പരമേശ്വരതത്വം. അദ്ദേഹത്തെ ആരാധിക്കാനാണ് അവയവങ്ങളില്ലാത്ത ശിവലിംഗം എന്ന പ്രതീകത്തിലൂടെ ശ്രമിക്കുന്നത്.
എല്ലാ ഈശ്വരപ്രതീകങ്ങളും ദേവീദേവന്മാരുമെല്ലാം പരമേശ്വരനെയാണ് ഉപാസിക്കുന്നതെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു. ശ്രീപത്മനാഭന്റെ അനന്തശയനത്തിലെ ആദ്യ പ്രതിഷ്ഠകളിൽ ശിവലിംഗോപാസന ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവതാര പുരുഷന്മാരായ ബദരിനാഥും (ബദരിനാരായണൻ) ശ്രീരാമനും, ശ്രീകൃഷ്ണനും പരമേശ്വരഭക്തന്മാരായിരുന്നു എന്ന് വാത്മീകി രാമായണവും വ്യാസമഹാഭാരതവും വ്യക്തമാക്കുന്നുണ്ട്! രാമേശ്വരനും, രാമനാഥനും, ഗോപേശ്വരനും, കൃഷ്ണേശ്വരനും ആയി പരമശിവൻ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ലിംഗാഷ്ടകം എഴുതിയിട്ടുണ്ട്.
ശിവരാത്രിക്ക് പിന്നിൽ:
വിശ്വാതീതനായ പരമേശ്വരൻ ലോകങ്ങളിൽ മായ നീക്കി ജ്ഞാനം നൽകുവാനായി ജീവികൾക്ക് മുന്നിൽ പ്രത്യക്ഷനായ സന്ദർഭങ്ങളെ അനുസ്മരിക്കുന്ന ദിനമാണ് ശിവരാത്രിയെന്ന് സൂചിപ്പിച്ചുവല്ലോ? ഭുവനത്രയങ്ങളിൽ (കാരണ – സൂക്ഷ്മ – സ്ഥൂല ലോകങ്ങൾ)ഏറ്റവും ഉയർന്ന ലോകമായ കാരണലോകത്തിലെ ഭഗവാൻമാർക്ക് മുന്നിൽ പരമേശ്വരനായ പരമശിവൻ കാരണജ്യോതിലിംഗസ്വരൂപനായി (ദിവ്യതേജസ്) ആദ്യമായി ആവിർഭവിച്ചതാണ് ഇതിൽ ആദ്യത്തേത്. ലോകത്തിന്റെ മായ നീക്കി ജ്ഞാനപ്രകാശം നൽകാനായിരുന്നു ഈ പ്രത്യക്ഷജ്യോതിദർശനം.
സ്ഥൂല – സൂക്ഷ്മ – കാരണ ലോകങ്ങൾക്കതീതനായ പരമേശ്വരൻ കാരണലോകത്തിലെ ബ്രഹ്മർഷികളായ നാരായണഋഷിക്കും ബ്രഹ്മഋഷിക്കും മുന്നിൽ പ്രത്യക്ഷനായതായി നിരവധി ഋഷികൾ സൂചിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ മായയെ നീക്കി അവർക്ക് പൂർണജ്ഞാനം നൽകി മോക്ഷം നൽകുവാൻ, ആദ്യം അഗ്നിശൈലമായി കാരണജ്യോതിർലിംഗമായി ശ്രീപരമേശ്വരൻ ആവിർഭവിച്ചുവെന്ന് ഋഷികൾ സൂചിപ്പിക്കുന്നു. (ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും ഉൾപ്പടെയുള്ള ഋഷിമാർ പല ദിവ്യസ്തോത്രങ്ങളിലൂടെ ഇക്കാര്യം പരാമർശിക്കുന്നുണ്ട്!) ഈ ശുഭമുഹൂർത്തത്തിന്റെ സ്മരണാർത്ഥമായാണ് ഭക്തർ ശിവരാത്രി ആചരിക്കുന്നത് എന്നാണ് പ്രബലമായ പക്ഷം.
ദിവ്യശരീരങ്ങൾ സ്വീകരിക്കുന്നു
ജ്യോതിലിംഗസ്വരൂപത്തിൽ ആവിർഭവിച്ചതിന് ശേഷം കാരണശരീരം സ്വീകരിച്ചും അദ്ദേഹം പ്രത്യക്ഷനായി. കാരണലോകത്തിൽ മഹാരുദ്രനായും സൂക്ഷ്മലോകത്തിൽ ശിവശങ്കരഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ആദിയോഗിയായ ആദിനാഥനായും (ദക്ഷിണാമൂർത്തി) ദിവ്യദേഹങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം സനാതനധർമ്മം നൽകിയെന്നും സനാതനധർമ്മത്തിലെ പ്രാമാണികമായ വിവിധ ഗുരുപരമ്പരകൾ പ്രസ്താവിക്കുന്നു. മാതാപിതാക്കളില്ലാതെ, ശരീര പരിമിതികളോ ലോകനിയമങ്ങളോ ബാധിക്കാത്തവനായിട്ടാണ് ശ്രീപരമേശ്വരൻ സ്വ ശക്തി കൊണ്ട് ശരീരങ്ങൾ സ്വീകരിക്കുന്നത് (ഉദാഹരണം നരസിംഹം, ഗണപതി etc) ദിവ്യദേഹങ്ങൾ. ഈ മായാശരീരങ്ങളെ ദിവ്യദേഹം, പ്രത്യക്ഷരൂപം, ഭവശരീരം, വിഭൂതികായം, ലിംഗശരീരം, വിളയാടൽ (വിളയാട്ടരൂപം) എന്നൊക്കെ വിശേഷിപ്പിക്കാം.)
ഭൂമിയിൽ ആർഷഗുരുപരമ്പരകളിലൂടെ മനുഷ്യരാശിയ്ക്ക് ലോകനന്മയ്ക്കായി സനാതനധർമ്മം (വേദം) നൽകാനായി ശ്രീപരമേശ്വരൻ ആദിനാഥൻ (ദക്ഷിണാമൂർത്തി തുടങ്ങിയ പേരുകളിൽ) മാനവപ്രത്യക്ഷരൂപം എടുത്ത ദിനമാണ് ശിവരാത്രിയെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതാണ് ധ്യാന ശ്ലോകങ്ങൾ പ്രകാരം ചിത്രീകരിക്കുന്ന ശിവരൂപം.
(പരമേശ്വരപ്രതീകം നിരവയവിയായ ശിവലിംഗം ആണ്. മരവുരിയും പുലിത്തോലും ജടാധാരിയായി ധരിച്ച് ഋഷികൾക്ക് മുന്നിൽ പ്രത്യക്ഷനായത് ശ്രീപരമേശ്വരൻ്റെ മാനവ പ്രത്യക്ഷ രൂപവും പരമഗുരുവുമായ ദക്ഷിണാമൂർത്തി എന്ന സദാശിവഋഷിയാണ്)
ശാന്തം പത്മാസനസ്ഥം
ശശിധരമകുടം
പഞ്ചവക്ത്രം ത്രിനേത്രം
ശൂലം വജ്രം ച ഖഡ്ഗം
പരശുമഭയദം ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഘണ്ടാം
പ്രളയഹുതവഹം സാങ്കുശം വാമഭാഗേ
സർവ്വാലങ്കാരദീപ്തം (നാനാലങ്കാര ദീപ്തം)
സ്ഫടികമണിനിഭം പാർവതീശം നമാമി.
शान्तं पद्मासनस्थं शशधरमकुटं पञ्चवक्त्रं त्रिनेत्रं ।
शूलं वज्रम च खड्गं परसुमभयदं दक्षिणाङ्गे वहन्तम् ।
नागं पाशं च घण्टां डमरुसहितं साङ्कशं वामभागे ।
नानालङ्गकारयुक्तं स्पटिकमणिनिभं पार्वतीशं नमामि ।।
ഇങ്ങനെയും പാഠഭേദമുണ്ട്.
എന്ന ധ്യാന ശ്ലോകത്തിൽ സൂചിപ്പിക്കുന്നത് അകായനും (ശരീരങ്ങളില്ലാത്തവൻ) നിരാകാരനും (ആകൃതിയില്ലാത്തവൻ) നിരവയവനും (അവയവരഹിതൻ) ആയ പരമേശ്വരതത്വത്തിൻ്റെ ഈ മാനവ പ്രത്യക്ഷരൂപത്തെയാണ്.
യോഗപരമ്പര ആദിനാഥനായും (ആദിയോഗി) വേദാന്തപരമ്പര ദക്ഷിണാമൂർത്തിയായും (ജ്ഞാനമൂർത്തി) തന്ത്രപരമ്പര സദാശിവഋഷി, ശിവഋഷി, ശിവശങ്കരഋഷി എന്നീ പേരുകളിലും സിദ്ധാന്തപരമ്പര സ്വച്ഛന്ദനാഥൻ,ശ്രീകണ്ഠരുദ്രൻ, നീലകണ്ഠരുദ്രൻ എന്നിങ്ങനെയും ശ്രീപരമേശ്വരൻ്റെ ഈ പ്രത്യക്ഷമാനവരൂപത്തെ വാഴ്ത്തുന്നു. ശ്വേതാശ്വതരോപനിഷത്ത് രുദ്രമഹർഷിയായും ഭക്തന്മാർ കൈലാസനാഥനായും ഇദ്ദേഹത്തെ സ്തുതിക്കുന്നു. ശ്രീപരമേശ്വരൻ പ്രത്യക്ഷമാനവരൂപത്തിലെത്തി ഭൂമിയിലെ മനുഷ്യരാശിയെ വഴികാട്ടിയ ദിവ്യസ്ഥലം എന്ന പേരിലാണ് കൈലാസതീർത്ഥയാത്ര പോലും ഉണ്ടായത്.
സദാശിവസമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം
എന്ന ഗുരുപരമ്പരാ വന്ദന ശ്ലോകം ശ്രദ്ധിക്കുക.
ശങ്കരാചാര്യർ എഴുതിയ ദക്ഷിണാമൂർത്തീസ്തോത്രം പ്രസിദ്ധമാണ്. വാക്കുകൾ കൊണ്ടും, മൗനം കൊണ്ടും ശിഷ്യരെ പഠിപ്പിച്ച് പരാവിദ്യ നൽകിയ പരമഗുരു.
ആദിനാഥനെന്ന ആദിയോഗിയെ സ്തുതിച്ചു കൊണ്ടാണ്
ഹഠയോഗപ്രദീപിക ആരംഭിക്കുന്നത് തന്നെ.
ശ്രീ ആദിനാഥ നമോfസ്തു തസ്മൈ
യേനോപദിഷ്ടാ ഹഠയോഗവിദ്യാ
വിഭ്രാജതേ പ്രോന്നത രാജയോഗ
മാരോഢുമിച്ചോരധിരോഹിണീ വ (ഹoയോഗപ്രദീപിക 1: 1)
സദാശിവമൂർത്തിയിൽ നിന്ന് പഞ്ചമുഖസാധനാസമ്പ്രദായം (തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം) ഉടലെടുത്തു എന്നാണ് പാരമ്പര്യം.
സ ഏഷ പൂർവ്വേഷാമപി ഗുരു:
കാലേനാനവച്ഛേദാത്
(പതഞ്ജലി – യോഗസൂത്രം 1:26)
കാലേന – കാലം കൊണ്ട്, കാലത്താൽ
അനവച്ഛേദാത് – അതിരില്ലായ്കയിൽ – വിച്ഛേദിക്കപ്പെട്ടിട്ടല്ല –
ദേശകാലപരിമിതിയില്ലാത്തവൻ – സനാതനൻ – നിത്യനൂതനൻ – അജൻ – അജൈകപാത്ത്, അകായൻ,
നിരാകാരൻ, നിരവയവൻ
സ – അവൻ (ഈശ്വരൻ)
അപി – പോലും
പൂർവ്വേഷാം (മുമ്പുള്ളവരുടെയും)
ഗുരു – ഗുരുവാകുന്നു.
പരാവിദ്യയുടെ പരമഗുരു, അപരാവിദ്യകളുടെ പരമാചാര്യൻ
പരാവിദ്യയുടെയും അപരാവിദ്യയുടെയും പരമശ്രോതസ് ഇദ്ദേഹമാണ്. വൈദ്യനാഥൻ/വൈദ്യൈശ്വരൻ/വൈത്തീശ്വരൻ – 18 സിദ്ധന്മാരിൽ ഉൾപ്പെടുന്ന ധന്വന്തരിയേയും അഗസ്ത്യമഹർഷിയെയും പ്രചോദിപ്പിച്ചവൻ.
പരശുരാമന് ധനുർവ്വേദവും അഗസ്ത്യമഹർഷിയ്ക്ക് മർമ്മവിദ്യയും നൽകിയ പരമാചാര്യൻ. (കേരളത്തിലെ തെക്കൻ കളരി – അഗസ്ത്യ സമ്പ്രദായവും, വടക്കൻ കളരി – പരശുരാമ സമ്പ്രദായവുമാണ്. – കളരിത്തറയിൽ ഷഡാധാരങ്ങൾക്ക് മുകളിൽ ശിവലിംഗം പ്രതിഷ്ഠിക്കുന്ന പതിവുണ്ട്)
നടരാജൻ – നൃത്തം, വാദ്യം, നാട്യം, സംഗീതം എന്നീ കലകളുടെ നാഥനായ കലാനാഥൻ
സംസ്കൃതവ്യാകരണഗ്രന്ഥരചനാസംഭാവനകൾക്ക് മാഹേശ്വരസൂത്രത്തിലൂടെ പാണിനിയെയും തമിഴ് ഭാഷാഗവേഷണത്തിന് അഗസ്ത്യരെയും പ്രചോദിപ്പിച്ച വൈജ്ഞാനികൻ.
ശിവരാത്രി:
മായയുടെ കാളരാത്രിയെ നശിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരം നീക്കുവാനായി ശ്രീപരമേശ്വരൻ ജ്യോതി ലിംഗരൂപത്തിലും സ്ഥൂല – സൂക്ഷ്മ കാരണ ശരീരങ്ങളിൽ പ്രത്യക്ഷ ശരീരം (ദിവ്യദേഹം ) സ്വീകരിച്ചും ആവിർഭാവം ചെയ്ത ഈ സന്ദർഭങ്ങളെ അനുസ്മരിക്കുവാനാണ് നാം മഹാശിവരാത്രി ആചരിക്കുന്നതെന്ന് വ്യക്തം. ത്രിഭുവനങ്ങളിൽ സനാതനധർമ്മം (വേദം) നൽകപ്പെട്ട നിർണായകസമയങ്ങളെ അനുസ്മരിച്ച് കാരുണ്യമൂർത്തിയായ പരമശിവനെ ഉപാസിക്കുന്ന ദിവ്യദിനം!
പരമപ്രേമമൂർത്തിയും കാരുണ്യവാരിധിയും ഭോലേനാഥുമായ മൃത്യുഞ്ജയന്റെ മഹിമയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും, അദ്ദേഹം നൽകിയ സനാതനധർമ്മശാസ്ത്രത്തെക്കുറിച്ച് അവബോധവും കർത്തവ്യ മനോഭാവവും സൃഷ്ടിക്കുവാനും കൂടുതൽ ആഴത്തിൽ അദ്ദേഹത്തെ ഉപാസിക്കുവാനും ഋഷിമാർ തെരഞ്ഞെടുത്ത ദിവസമാണ് ശിവരാത്രി.
ശിവരാത്രിയുടെ പ്രാധാന്യം :
പ്രകൃതിയുടെ മായയും, അവിദ്യയും അജ്ഞാനാന്ധകാരവും നീക്കുവാനായി ജ്ഞാനജ്യോതിപ്രദായകനായി വിശ്വത്തിൽ ജ്യോതി ലിംഗരൂപത്തിലും ദിവ്യ രൂപങ്ങളിലും പരമേശ്വരൻ പ്രത്യക്ഷമായ സന്ദർഭങ്ങളെ അനുസ്മരിക്കുന്ന ദിവസമാണ് ശിവരാത്രിയെന്ന് നാം മനസിലാക്കി. അതായത് ഗുരുപരമ്പരകളുടേയും സനാതനധർമ്മവിദ്യയുടെയും സ്ഥാപനദിനം ആണ് മഹാശിവരാത്രി.
ശ്രീപരമേശ്വരൻ, ഗുരുപരമ്പരകൾ, സനാതനധർമ്മം – ഇവയെയെല്ലാം ഉപാസിക്കാൻ ഇതിലും ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല.
ഈ ദിനത്തിന്റെ ആചരണം സാധകജീവിതത്തിൽ മഹത്വമേറിയതാണ്. സനാതനധർമ്മികൾ ആചരിക്കുന്ന പുണ്യദിനങ്ങളിൽ ഏറ്റവും മഹത്വം ശിവരാത്രിയ്ക്കാണ്. മഹാശിവരാത്രിവ്രതത്തിന് വ്രതങ്ങളുടെ രാജാധിരാജസ്ഥാനം (ചക്രവർത്തിപദം) ഉണ്ടെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു.
1. മായയെ മുച്ചൂടും മുടിക്കുവാൻ (തീർക്കുവാൻ) മായാതീതനായ മഹേശ്വരന് മാത്രമേ സാധിക്കൂ എന്ന് ജീവികളെ ഓർമ്മിപ്പിക്കുന്നു.
മായാം തു പ്രകൃതിം വിദ്യാന്മായിനം ച മഹേശ്വരം – (ശ്വേതാശ്വതരോപനിഷത്ത് അധ്യായം 4 മന്ത്രം 10)
2. സനാതനധർമ്മത്തിലെ ഏകേശ്വര ദർശനത്തെ (ഏകം സത് വിപ്രാ ബഹുധാ വദന്തി) ഉറപ്പിക്കുന്ന പുണ്യദിനമാണ് ശിവരാത്രി.
3. അജ്ഞാനത്തെ നീക്കുന്ന ജ്ഞാനം പകർന്ന് തന്ന് എല്ലാവരെയും ആത്മബോധ മുള്ളവരാക്കുക അഥവാ ജീവികളെയെല്ലാം ഭഗവാന്മാരായി ഉയർത്തുക എന്നത് പരമേശ്വരന്റെ മഹത്തായ കാരുണ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഈശ്വരന്റെ ഈ കൃപയെ/സ്നേഹത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി.
4. പ്രേമമൂർത്തിയും, മംഗളദായകനും, കരുണാവാരിധിയുമായ പരമശിവൻ ജ്ഞാനം നൽകുക മാത്രമല്ല, സനാതനധർമ്മത്തിന്റെ മഹത്തായ ആർഷഗുരുപരമ്പരാസമ്പ്രദായത്തിന്റെ സംസ്ഥാപകനുമായി! കാരണലോകങ്ങളിൽ മഹാരുദ്രനായും സൂക്ഷ്മലോകങ്ങളിൽ ശിവശങ്കര ഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ദക്ഷിണാമൂർത്തി അഥവാ ആദിനാഥൻ (ആദിയോഗി) ആയും അദ്ദേഹം സനാതനധർമ്മം (വേദം) നൽകി. സദാശിവനായ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ഗുരുപാരമ്പര്യത്തിന്റെയും തുടക്കം. ആദിഗുരുവായ അദ്ദേഹം എല്ലാ ലോകങ്ങളിലുമുള്ള ഗുരുപരമ്പരയിലൂടെ തന്റെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് യോഗിമാരുടെ അന്തർദർശനം (വെളിപാട്, Intuition) മുഖേനയും അദ്ദേഹം ജ്ഞാനം നൽകി, അഭംഗുരം ഇപ്പോഴും നൽകി വരുന്നു! ശ്രീപരമേശ്വരനേയും അദ്ദേഹത്തിന്റെ മഹാകാരുണ്യത്തെയും, അദ്ദേഹം സ്ഥാപിച്ച ആർഷഗുരുപരമ്പരകൾ എന്ന സമ്പ്രദായത്തേയും സനാതനധർമ്മജ്ഞാന ലാഭത്തേയും സ്മരിക്കുന്ന ദിനം കൂടിയാണ് മഹാശിവരാത്രി! മറ്റൊരു പുണ്യദിനത്തിനും ഇത്രയും സവിശേഷതകളില്ല.
5. ശ്രീപരമേശ്വരൻ ആദ്യമായി കാരണലോകത്തിൽ കാരണാഗ്നിപർവ്വതം പോലെ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവലിംഗാരാധനയും, ആന്തരികവും ബാഹ്യവുമായ ജ്യോതിസ്സിലും അഗ്നിയിലും ഈശ്വരനെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമ്പ്രദായങ്ങൾ ഉണ്ടായത് ! (തുടരും)