Skip to content

ശ്രീ പരമശിവമഹിമ – 3

  • by
കേരളത്തിൽ ജനിച്ച് ലോകപ്രസിദ്ധി നേടിയ മൂന്നു മഹാത്മാക്കൾ (ശ്രീ ശങ്കരാചാര്യരും ശ്രീമദ് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും) ശ്രീപരമശിവന്‍റെ സർവ്വശ്രേഷ്ഠത്വം പ്രഖ്യാപിക്കാൻ മടിച്ചിരുന്നില്ല.
പരമാത്മാവ്, പരബ്രഹ്മം, പരംപൊരുൾ, പരമതത്വം എന്നിവയുടെ മറ്റൊരു പേരായി പരമശിവതത്വത്തെ ഈ മഹർഷിമാർ ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീമദ് ശങ്കരാചാര്യർ:
ശ്രീമദ് ശങ്കരാചാര്യരുടെ പ്രസിദ്ധമായ നിർവ്വാണഷട്കം ശ്രദ്ധിക്കുക. ഉദാഹരണമായി ആദ്യ ശ്ലോകം നൽകാം
ശ്ലോകം – 1

മനോ ബുദ്ധ്യഹങ്കാര ചിത്താനി നാഹം,
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിർ ന തേജോ ന
വായുശ്ചിദാനന്ദരൂപ: ശിവോഹം ശിവോ ഹം”

(മനസ്സ് മുതലായ അന്തഃകരണങ്ങളോ, കാത്, കണ്ണ്, മൂക്ക്, ആകാശം,വായു, ഭൂമി, തേജസ്സ് മുതലായ ഭൂതങ്ങളോ അല്ല ഞാൻ, ഞാൻ ചിദാനന്ദസ്വരൂപനായ ശിവനാണ്. ഞാൻ ശിവൻ തന്നെ.)

(2)ദശശ്ലോകി – ശ്ലോകം 9 നോക്കുക

“അപി വ്യാപകത്വാദ്ധി തത്ത്വപ്രയോഗാത്
സ്വതഃ സിദ്ധഭാവാദനന്യാശ്രയത്വാത്
ജഗത് തുച്ഛമേതത് സമസ്തം തദന്യത്
തദേകോ ഽ വശിഷ്ടഃ ശിവഃ കേവലോ ഽഹം”
 
എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതിനാലും “ആനന്ദം ബ്രഹ്മ’ എന്ന് ശ്രുതിയിൽ- പരമാനന്ദസ്വരൂപനെന്നു പ്രയോഗിച്ചിട്ടുള്ളതിനാലും, സ്വതഃ പ്രമാണം കൊണ്ട് സിദ്ധിക്കുന്ന സ്വഭാവമാകയാലും മറ്റൊന്നിനെ ആശ്രയിക്കാത്തതിനാലും
പരമേശ്വരൻ തുച്ഛവും നിസ്സാരവുമായ സമസ്ത ജഗത്തിൽനിന്നും ഭിന്നനാണ്. ഇപ്രകാരം സകലവസ്തുക്കളിൽനിന്നും അവശേഷിക്കുന്ന കേവലാത്മാവായിരിക്കുന്ന ശിവനാകുന്നു ഞാൻ.
(3)യതി പഞ്ചകം – ശ്ലോകം 5 നോക്കുക
“പഞ്ചാക്ഷരം പാവനമുച്ചരന്തഃ
പതിം പശൂനാം ഹൃദി ഭാവയന്തഃ
ഭിക്ഷാശനാ ദിക്ഷു പരിഭ്രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ

(ശ്ലോകം -5)
പരിപാവനമായ പഞ്ചാക്ഷരത്തെ സദാ ജപിച്ചുകൊണ്ടും, സർവ്വാന്തര്യാമിയായ സർവ്വേശ്വരനെ ഹൃദയത്തിൽ ഭാവന
ചെയ്തുകൊണ്ടും ഭിക്ഷാഹാരികളായി സർവ്വദിക്കുകളിലും ചുറ്റി സഞ്ചരിച്ചുകൊണ്ടുമിരിക്കുന്ന സന്ന്യാസത്തിന്റെ അത്യുന്നതശ്രേണിയിൽ എത്തിയിട്ടുള്ള അവധൂതന്മാരുടെ ജന്മമാണ് സഫലമായിട്ടുള്ളത്.

4. “ബ്രഹ്മമുരാരി സുരാർച്ചിതലിംഗം ” എന്നാരംഭിക്കുന്ന ലിംഗാഷ്ടകം ഉൾപ്പടെ നിരവധി ശിവസ്തോത്രങ്ങൾ ആചാര്യ ഭഗവദ്പാദർ രചിച്ചിട്ടുണ്ട്. ഇതിലെല്ലാം പരമേശ്വരന്‍റെ മഹിമയും സർവ്വശ്രേഷ്ഠത്വവും വ്യക്തമാക്കിയിട്ടുണ്ട്.

5. ഋഷികൾ രചിച്ച ദിവ്യസ്തോത്രങ്ങളിൽ “സ്തോത്രരാജൻ ” എന്നും “സ്തോത്രരാജാധിരാജൻ ” എന്നും സുപ്രസിദ്ധമായ “ശിവാനന്ദലഹരി” യിലുടനീളം ശ്രീശങ്കരാചാര്യർ ശ്രീപരമശിവമഹിമ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ഉദാഹരണം മാത്രം നൽകുന്നു.
ശിവാനന്ദലഹരിയിലെ മൂന്നാം ശ്ലോകം.
 
സഹസ്രം വർത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാഃ
ന മന്യേ സ്വപ്നേവാ തദനുസരണം തൽകൃതഫലം
ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ! ശിവ! തവ പദാംഭോജഭജനം.”
 
ജഗതി – ലോകത്തിൽ,
ക്ഷുദ്രഫലദാഃ – അനിത്യങ്ങളും നിസ്സാരങ്ങളുമായ ഫലങ്ങളെ കൊടുപ്പാൻമാത്രം കഴിവുള്ളവരായ,
വിബുധാഃ – ദേവന്മാർ
സഹസ്രം വർത്തന്തേ – ആയിരക്കണക്കിനുണ്ട്,
(എന്നാൽ ഞാൻ)
സ്വപ്നേവാ – സ്വപ്നത്തിൽ പോലും,
തദനുസരണം – അങ്ങനെയുള്ള ദേവന്മാരെ അനുസരിക്കുകയോ,
തത്കൃതഫലം – അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളെയോ,
ന മന്യേ – ഞാൻ ആഗ്രഹിക്കുന്നില്ല – മാന്യമായി കരുതുന്നില്ല,
ഹേ ശംഭോ – അല്ലയോ മംഗളമൂർത്തേ, നികടഭാജാം – അല്പമെങ്കിലും സമീപത്ത് നില്ക്കുന്നുവെന്ന് ഗണിക്കുന്ന
ഹരിബ്രഹ്മദീനാം – മഹാവിഷ്ണു ബ്രഹ്മാവ് എന്നിവർക്കുകൂടി,
അസുലഭം – കിട്ടാൻ പ്രയാസമുള്ളതായ, തവപദാംഭോജഭജനം – നിന്തിരുവടിയുടെ പാദാരവിന്ദഭജനം ഒന്നുമാത്രം,
ചിരം – എന്നെന്നേക്കുമായി,
യാചേ – ഞാൻ കേണ് യാചിക്കുന്നു. /പ്രാർഥിക്കുന്നു. (ഞാൻ ശിവപാദപൂജയെ മാത്രം സ്ഥിരമായി
കാംക്ഷിക്കുന്നു). “ശിവഗതി
പരഗതി’ എന്ന സന്ദേശമാണ് ആചാര്യൻ നൽകുന്നത്
ശ്രീനാരായണ ഗുരുദേവൻ:
ശ്രീ പരമേശ്വരമഹിമ ഏറെക്കുറെ തൻ്റെ എല്ലാ കൃതികളിലും വിവരിച്ച ഋഷിയാണ് ശ്രീ നാരായണ ഗുരു.അദ്ദേഹത്തിൻ്റെ ശിവലിംഗപ്രതിഷ്ഠകൾ പ്രസിദ്ധമാണ്.ചിദംബരാഷ്ടകം എന്ന പേരിൽ ലിംഗാഷ്ടകം രചിച്ചിട്ടുമുണ്ട്.
പരമശിവൻ ഇതര ഈശ്വര സങ്കല്പങ്ങൾക്കും വിഷണുവിനും ബ്രഹ്മാവിനും അതീതനാണെന്ന് വിവിധ സ്തോത്രങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

ചില തെളിവുകൾ നൽകാം.

1. പരമശിവൻ പരനേതാവ്, പരാത്പരൻ !
(പരമശിവചിന്താദശകം 5)
“പരനേ പരയാം തിരയിൽ
പരനേതാവായിടുന്ന പശുപതിയേ “
(ഓം ശിവ ഓം ശിവ പരാത്പര ശിവ എന്ന സ്തോത്രം ശ്രദ്ധിക്കുക)
പര, പരമം തുടങ്ങിയ വാക്കുകൾ സനാതനധർമ്മത്തിൽ സർവ്വശ്രേഷ്ഠമായ ഔന്നത്യത്തെയാണ് (Highest state) സൂചിപ്പിക്കുന്നത്. ആർക്കും യാതൊന്നിനും അതിക്രമിക്കാനാകാത്തതാണ്-പരം അഥവാ പരമം. പരമേശ്വരൻ എന്ന് പരമശിവനെ മാത്രമാണ് ഋഷികൾ വിശേഷിപ്പിച്ചിട്ടുള്ളത്. ജീവികളുടെയെല്ലാം ഏകനാഥനായ പശുപതി,പരാത്പരൻ ആണെന്നിവിടെ ഗുരു വ്യക്തമാക്കുന്നു.
2. സദാശിവദർശനം- ശ്ലോകം -10
മഹാവിഷ്ണുവിനും ബ്രഹ്മാവിനും കണ്ടെത്താനാവാത്ത മഹിമയാണ് പരമശിവന്റേത്.
“അടിക്കു പന്നിപോയി നിന്മുടിക്കൊരന്നവും പറ-
ന്നടുത്തുകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ!
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
നടിച്ചിടും നമശ്ശിവായ നായകാ നമോ നമ:
(പരമേശ്വരൻ കാരണലോകത്ത് ജ്യോതി ലിംഗ രൂപത്തിൽ പ്രത്യക്ഷനായപ്പോൾ ബ്രഹ്മാവ് മുകളിലേയ്ക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചിട്ടും
(അടിക്ക് – താഴോട്ട്
നിന്മുടിക്ക്-മുകളിലേക്ക്)
അഗ്നിശൈലമേ – ജ്യോതി ലിംഗസ്വരൂപനേ.ഇന്നും അങ്ങയെ നിൻ മഹിമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലല്ലോ?! “അടിയും മുടിയും” എന്നത് കൊണ്ട് അഗ്നി ലിംഗത്തിൻ്റെ ഉദ്ഭവവും (ഉറവിടം) തേജസിൻ്റെ വ്യാപ്തിയും കണ്ടെത്താൻ ശ്രമിച്ചുവെന്ന് താല്പര്യം.
നടിച്ചിടും – നൃത്തം വയ്ക്കും
നായകൻ = നേതാവ്
3. ശിവശതകം -6
“ഹരിഭഗവാനാരവിന്ദസൂനുവും നിൻ
തിരുവിളയാടലറിഞ്ഞിതില്ലയൊന്നും;
ഹര ഹര പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്നു കോലം?
ഹര – സകലപാപദു:ഖക്ലേശങ്ങളെയും, അജ്ഞാനത്തെയും (അറിവില്ലായ്മ) നശിപ്പിക്കുന്ന
നിൻതിരുവിളയാടൽ – അങ്ങയുടെ വിളയാട്ടം (മായാവിലാസം)
കരളിലിരുന്ന് – എല്ലാ പ്രാണികളുടെയും ഉള്ളിലിരുന്ന്
കളിച്ചിടുന്ന കോലം – വിളയാടിടുന്ന മൂർത്തിയേ (ബോധസ്വപ്രകാശം)
പിന്നെയിതാരറിഞ്ഞിടുന്നു – പിന്നെ ആർക്ക് അറിയാൻ സാധിക്കും?!
ശ്രീനാരായണഗുരു ചോദിക്കുന്നു

Note: ഇവിടെ ഹരി (മഹാവിഷ്ണു – നാരായണമഹർഷി ), ബ്രഹ്മാവ് എന്നിവർ സത്വപ്രധാനമായ കാരണലോകത്തിൽ ആദ്യമായുണ്ടായ ബ്രഹ്മർഷിമാരാണെന്ന് പറയപ്പെടുന്നു. സഗുണഭാവത്തിലുള്ള പരമേശ്വരന്‍റെ പര്യായങ്ങളായി വിഷ്ണു (എല്ലായിടത്തും വ്യാപിച്ചവൻ) ബ്രഹ്മാവ് ( ബൃഹത്തായ ജ്ഞാനം ഉള്ളവൻ) തുടങ്ങിയ ശബ്ദങ്ങൾ വേദം സൂചിപ്പിക്കുന്നുണ്ട്. അതായത് വേദത്തിലെ രുദ്രൻ, വിഷ്ണു, ബ്രഹ്മാവ്, ശങ്കരൻ, നാരായണൻ, ശംഭു, മനു, രാമൻ, കൃഷ്ണൻ തുടങ്ങിയവരെല്ലാം ഒരേ പരമശിവൻ്റെ വ്യത്യസ്തനാമങ്ങൾ മാത്രം. പരമശിവന്‍റെ വിവിധ ഗുണങ്ങളെക്കുറിക്കുന്ന പ്രസ്തുത നാമങ്ങൾ തന്നെയാണ് കാരണ – സൂക്ഷ്മ – സ്ഥൂലലോകവാസികൾക്കും നൽകുന്ന പേരുകൾ. ഇവ തമ്മിൽ തെറ്റിദ്ധാരണയുണ്ടാകരുത്! ഉദാഹരണമായി പരമേശ്വര പര്യായങ്ങളായ രാമൻ (എല്ലാവരെയും രമിപ്പിക്കുന്നവൻ), കൃഷ്ണൻ (എല്ലാവരെയും തന്നിലേയ്ക്ക് ആകർഷിക്കുന്നവൻ), ശങ്കരൻ (ശം അഥവാ പരമനന്മ നൽകുന്നവൻ) നാരായണൻ (സർവ്വവ്യാപിയായി അയനം ചെയ്യുന്നവൻ ) എന്നിങ്ങനെയുള്ള പരമേശ്വരന്‍റെ ഗുണവാചിയായ നാമങ്ങൾ (പര്യായങ്ങൾ) തന്നെയാണ് സ്ഥൂലലോകത്തിലെ ഭൂമിയിൽ വിവിധ കാലഘട്ടത്തിൽ വ്യത്യസ്ത ദേശങ്ങളിൽ ജനിച്ച പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, കൃഷ്ണദ്വൈപായനൻ, ശ്രീകൃഷ്ണൻ, ശങ്കരാചാര്യർ, ശ്രീനാരായണ ഗുരു എന്നിവർക്കും (നമ്മിൽ പലർക്കും !) നൽകുന്നത്!

ശ്രീമദ് ചട്ടമ്പിസ്വാമികൾ:
പരമതത്വത്തെ പരമശിവൻ എന്നാണ് ചട്ടമ്പിസ്വാമികൾ വിശേഷിപ്പിച്ചത്. എല്ലാ കത്തുകളും കൃതികളും ‘ശ്രീ ശിവമയം ‘ എന്നെഴുതിയാണ് അദ്ദേഹം ആരംഭിച്ചിരുന്നത്. “ക്രിസ്തുമതച്ഛേദനം” എന്ന ഗ്രന്ഥം ശ്രീമദ് ചട്ടമ്പിസ്വാമികൾ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
“അവർ നിങ്ങളെ അവരുടെ ക്രിസ്തുമതത്തിൽ ചേർക്കുന്നതിലേക്ക് ഉത്സാഹിച്ചുവന്ന് വാദിക്കുമ്പോൾ ആ വാദങ്ങൾ ഒക്കെയും നല്ല പ്രബല ന്യായങ്ങളെ കൊണ്ട് ഖണ്ഡിച്ച് വിട്ടും കളഞ്ഞ്, പരിപൂർണ്ണ ദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ച് സദ്ഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിൻ!
(തുടരും)
ആചാര്യ കെ.ആർ.മനോജ്,
ആർഷവിദ്യാസമാജം