Skip to content

സനാതനധർമ്മം – 11

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ പതിനൊന്നാം ഭാഗം.
പതിനൊന്നാം ഭാഗം:

“ഈശ്വരനും മനുഷ്യനുമായുള്ള ബന്ധം സനാതനധർമ്മത്തിൽ

ഈശ്വരനും മനുഷ്യരുമായുള്ള ബന്ധങ്ങളിലും സനാതനധർമ്മത്തിനും സെമിറ്റിക് മതങ്ങൾക്കും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. സനാതനധർമ്മത്തിലെ പരമേശ്വരൻ നമുക്ക് പിതാവും മാതാവും ബന്ധുവും സുഹൃത്തും
ഗുരുവും രക്ഷകനും ഈശ്വരനുമാണ്.
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സർവ്വം മമ ദേവ ദേവ
(പരമേശ്വരാ, അങ്ങ് എന്റെ അച്ഛനും, അമ്മയും, ബന്ധുവും, സുഹൃത്തും, ഗുരുവും എല്ലാമാണ്.)
സ്രഷ്ടാവ് – സൃഷ്ടി ബന്ധമാണ് സെമിറ്റിക് മതങ്ങളിൽ ദൈവവും മനുഷ്യനുമായുള്ളത്. മനുഷ്യൻ സൃഷ്ടി, കൂലിക്കാരൻ, അടിമ മാത്രം!
ഇസ്ലാമിൽ, മനുഷ്യനും ദൈവവുമായുള്ള ബന്ധം പോലും അടിമ – ഉടമവീക്ഷണത്തിലാണ്. മബൂദ (യജമാനൻ) ആണ് അല്ലാഹു. മനുഷ്യനോ, അബ്ദുൾ (അടിമ) മാത്രം!
സെമിറ്റിക്മതങ്ങളിലെപ്പോലെ സൃഷ്ടിയോ, അടിമയോ പാപിയോ അല്ല സനാതനധർമ്മത്തിൽ, മനുഷ്യൻ. അവൻ (അവൾ) ഈശ്വരൻ്റെ മകനോ മകളോ അംശമോ ആണ്. പിതാവും മാതാവുമായി ഈശ്വരനെ അവതരിപ്പിക്കുന്നത് സനാതനധർമ്മത്തിൽ മാത്രമാണ്. പിതാമഹൻ പരമേശ്വരന്റെ ഒരു ഗുണനാമം കൂടിയാണ്.
മാതാ ച പാർവ്വതീ ദേവി
പിതാ ദേവോ മഹേശ്വരഃ
ബാന്ധവാ: ശിവ‘ഭക്താശ്ച
സ്വദേശോ ഭുവനത്രയം
-ശ്രീശങ്കരാചാര്യർ.
(പരാശക്തി മാതാവും, പരമേശ്വരൻ പിതാവുമാണ്. ലോകമെങ്ങുമുള്ള ഈശ്വരഭക്തർ (ഉപാസകർ, സാധുജനത) എന്റെ ബന്ധുക്കളും ത്രിഭുവനങ്ങൾ (കാരണ- സൂക്ഷ്മ-സ്ഥൂല ലോകങ്ങൾ) എന്റെ സ്വദേശവുമാണ്.)
ജഗതപിതരൗ വന്ദേ പാർവ്വതീപരമേശ്വരൗ-ജഗത്തിന്റെ മാതാപിതാക്കളാണ് പരമശിവനും പരാശക്തിയും (കാളിദാസൻ-രഘുവംശം)
സർവ്വാന്തര്യാമിസിദ്ധാന്തം ഈശ്വരനും ജീവികളും തമ്മിലുള്ള അടിസ്ഥാനപരമായ അഭേദ്യബന്ധം പ്രഖ്യാപിക്കുന്നു.
അമൃതസ്യ പുത്രാ: (അമൃതത്വത്തിൻ്റെ അരുമക്കിടാങ്ങളേ) എന്ന് ഉപനിഷത്തുക്കൾ മാനവനെ അഭിസംബോധന ചെയ്യുന്നു.
ആരാധനയും ഉപാസനയും
അടിമ ഉടമയ്ക്ക് വേണ്ടി ചെയ്യുന്ന ഇബാദത്ത് (അടിമവേല) ആണ് നിസ്കാരം, സക്കാത്ത്, റംസാൻ, ഹജ്ജ് മുതലായവ. അടിമവേലയ്ക്ക് അല്ലാഹു നൽകുന്ന കൂലി (പ്രതിഫലം) ആണ് സ്വർഗം. ഉടമ, അടിമ, അടിമവേല, കൂലി, പ്രതിഫലം ഇവയൊക്കെയാണ് അവിടെ കാണുന്നത്. ആരാധനയുടെയെല്ലാം താല്പര്യം സ്വർഗത്തിലെ ‘സുഖവാസം’ തന്നെ. ഇസ്ലാമികപണ്ഡിതരുടെ പുസ്തകങ്ങളിൽപ്പോലും ഇങ്ങനെ കാണാം “നാഥാ, പ്രതിഫലാർഹമായ ഒരു പ്രവൃത്തിയായി ഇതിനെ കണക്കാക്കി പരലോകത്തിൽ പ്രതിഫലം തരണമേ” എന്ന്. ഈ പുസ്തകരചനയുടെ കൂലി സ്വർഗത്തിൽ കിട്ടാനാണ് പ്രാർത്ഥന.
ഈശ്വരനുമായുള്ള സമ്പർക്കത്തിന് ആരാധന മാത്രമല്ല, ഉപാസനയും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് സനാതനധർമ്മത്തിൻ്റെ മറ്റൊരു സവിശേഷത. ഈശ്വരനുമായി ബന്ധപ്പെടുന്ന അഭ്യാസത്തെ ഉപാസന അഥവാ സാധന എന്ന് വിശേഷിപ്പിക്കുന്നു. ഉപാസന ചേർന്നിരിക്കൽ അഥവാ tuning. ഇവയിലെല്ലാം പ്രതിഫല ചിന്തയോ കൂലി മനോഭാവമോ അല്ല നിഷ്കാമമനോഭാവമാണ് ആർഷധർമ്മം നിഷ്കർഷിക്കുന്നത്. ഈശ്വരനോട് മാത്രമല്ല ലൗകികബന്ധങ്ങളിൽപ്പോലും പ്രതിഫലം ആഗ്രഹിക്കാത്ത ഉദാത്തമായ നിഷ്കാമകർമ്മമനോഭാവം (കർമ്മയോഗം) പുലർത്താൻ സനാതനധർമ്മം ഉപദേശിക്കുന്നു.
മാനവ മഹത്വം
ഈ ഈശ്വരതത്വത്തെ സാക്ഷാത്കരിക്കുകയെന്നതാണ് ഓരോ ജീവിയുടെയും ജന്മലക്ഷ്യം. ജീവികളുടെ ഉദ്ഭവത്തിന് കാരണമായതും ഈ ചോദന (പ്രേരണ)യാണ്. ജീവപരിണാമത്തിൻ്റെ രഹസ്യവും ഇത് തന്നെ. സച്ചിദാനന്ദസ്വരൂപത്തെ സാക്ഷാത്കരിക്കാൻ പറ്റിയ ഭൂമിയിലെ ഏക ജീവിയെന്ന നിലയിൽ മാനവന് പ്രാധാന്യമേറെയുണ്ട് സനാതന ധർമ്മത്തിൽ! എന്നാൽ സെമിറ്റിക് വീക്ഷണത്തിലെപ്പോലെ ‘എല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചു’ എന്ന കാഴ്ചപ്പാടുമില്ല.
മനുഷ്യനാകാൻ ഉദ്ബോധിപ്പിക്കുന്ന സനാതനധർമ്മസൂക്തം കാണുക
മനുര് ഭവ ജനയാദൈവ്യമ് ജനമ് – (ഋഗ്വേദം10:53:6)
അല്ലയോ മനുഷ്യാ, നീ ഇരുകാലി മൃഗമാകാതെ യഥാർത്ഥമാനവനാകൂ ദിവ്യഗുണശാലികളുടെ പരമ്പര തന്നെ രചിയ്ക്കൂ!
നീ മുസ്ലീമാകൂ, ക്രിസ്ത്യാനിയാകൂ ഇല്ലെങ്കിൽ ഇഹലോകശിക്ഷ, ഖബർ ശിക്ഷ, അന്ത്യന്യായവിധി, നിത്യനരകത്തിലെ അതിക്രൂര പീഡനങ്ങൾ എന്നിങ്ങനെയുള്ള ശിക്ഷകൾ ചൂണ്ടിക്കാട്ടി മനുഷ്യരെ ഭയപ്പെടുത്തുന്ന സെമിറ്റിക് മതങ്ങളെവിടെ, മനുഷ്യനാകാൻ ആഹ്വാനം ചെയ്യുന്ന സനാതനധർമ്മമെവിടെ? ലോകത്തിലെ ആദ്യമാനവവാദദർശനമാണ് ഹിന്ദുധർമ്മം.
(തുടരും)