Skip to content

സനാതനധർമ്മം – 3

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.
രണ്ടാം ഭാഗം:
“ആശ്രമത്തെ വെറുതെ വിടുക!”

സനാതനധർമ്മത്തെ “വർണ്ണാശ്രമധർമ്മ”ങ്ങളുമായി ബന്ധപ്പെടുത്തി വിമർശിക്കുന്നതിൽ എം എം അക്ബറെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഈ അഭിപ്രായങ്ങളുയർത്തുന്ന ധാരാളമാളുകളുണ്ട്. അവർക്കാണ് കേരളത്തിൽ ഇന്ന് ഭൂരിപക്ഷമെന്നു തോന്നുന്നു. “ഹിന്ദുധർമ്മത്തിൻ്റെ ദുഷിച്ച് നാറിയ വർണാശ്രമധർമ്മവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം” ചാനൽ മുറികളിലെ പലരുടെയും വാദങ്ങളുടെ ചുരുക്കം ഇതാണ്.

ഇപ്പോൾ ഇല്ലാത്തതും, നേരത്തെ നിലനിന്നിരുന്നതുമായ വർണവ്യവസ്ഥ, ആശ്രമവ്യവസ്ഥ എന്നീ രണ്ട് സാമൂഹ്യഘടനാസമ്പ്രദായങ്ങളെപ്പറ്റിയാണ് വിമർശനങ്ങൾ.

ആവശ്യമില്ലെങ്കിൽ തള്ളിക്കളയാൻ പറ്റുന്ന വിധമുള്ളതാണ് സ്മൃതിവ്യവസ്ഥയിൽ നിർദ്ദേശിക്കുന്ന സാമൂഹ്യഘടനകൾ! സ്മൃതി, താൽക്കാലിക സംവിധാനം മാത്രമാണ്. സാമാജികനിയമങ്ങളാണ് സ്മൃതിയുടെ ഉളളടക്കം. കാലം ദേശം മനുഷ്യർ എന്നിവ മാറുമ്പോൾ, ജനങ്ങളുടെ താല്പര്യവും സമാജഹിതവുമനുസരിച്ച് സ്മൃതിനിയമങ്ങളുടെ പ്രയോഗം പരിഷ്കരിക്കാമെന്ന് മാത്രമല്ല അങ്ങനെ പരിഷ്കരിക്കപ്പെടണമെന്നുമുണ്ട്. വേണമെങ്കിൽ സ്മൃതിയെത്തന്നെ ഉപേക്ഷിക്കാം. സ്മൃതിയ്ക്ക് മാത്രമല്ല ശ്രുതിഗ്രന്ഥങ്ങൾക്കും ഭേദഗതിയാകാം. “അഗ്നിയ്ക്ക് തണുപ്പാണെന്ന് ” ശ്രുതിഗ്രന്ഥങ്ങളിൽ പരാമർശിച്ചാൽ പോലും അത് തള്ളിക്കളയണം എന്നാണ് ശ്രീശങ്കരാചാര്യരുടെ നിർദ്ദേശം. ഈ ചിന്താസ്വാതന്ത്ര്യവും സത്യപ്രതിബദ്ധതയും മറ്റേതെങ്കിലും മതത്തിനോ സിദ്ധാന്തങ്ങൾക്കോ നിലവിലുണ്ടോ എന്ന് കൂടി ചിന്തിയ്ക്കുക. സാമൂഹ്യനിയമങ്ങൾ (സ്മൃതി) ആവശ്യമെങ്കിൽ അടിമുടി മാറ്റാനും, ശ്രുതിഗ്രന്ഥങ്ങളിൽ തെറ്റുണ്ടെങ്കിൽ തള്ളിക്കളയാനും അവകാശം നൽകുന്ന സനാതനധർമ്മത്തെ വിമർശിക്കുന്നത്, “ലോകാവസാനം വരെ മാറ്റം വരാത്തതാണ് തങ്ങളുടെ മതഗ്രന്ഥങ്ങളെന്ന് ” വാദിക്കുന്നവരാണ്! ബൈബിൾ, ഖുറാൻ, അംഗീകൃത ഹദീസുകൾ എന്നിവയിലുള്ള – അടിമത്തം, സ്ത്രീവിവേചനം, അസഹിഷ്ണുത, ക്രൂരത, ശിശുവധം, വംശഹത്യ എന്നിവയ്ക്കാഹ്വാനം ചെയ്യുന്ന, ദൈവവചനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂക്തങ്ങൾ ഞാൻ വേണമെങ്കിൽ ഉദ്ധരിയ്ക്കാം!
അത് “ഞാൻ അംഗീകരിയ്ക്കുന്നില്ല, തള്ളിക്കളയുന്നു” എന്ന് പറയാനുള്ള സ്വാതന്ത്ര്യമോ സത്യസന്ധതയോ എങ്കിലും ഈ വിമർശകർക്കുണ്ടോ?
സ്മൃതിയിലേയ്ക്ക് തന്നെ വരാം. ഹിന്ദു ഇന്ന് പിന്തുടരുന്ന സ്മൃതി (സാമൂഹ്യജീവിതക്രമം) ഏതാണ്? ഏതെങ്കിലും സ്മൃതിഗ്രന്ഥങ്ങളനുസരിച്ചാണോ ഇവിടെ അവർ ഇന്ന് ജീവിക്കുന്നത് ? ഇപ്പോൾ ഹിന്ദുക്കൾ പിന്തുടരുന്നത് ഭാരതമെന്ന നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയും (അംബേദ്ക്കർ സ്മൃതി!) സിവിൽ- ക്രിമിനൽനിയമങ്ങളുമാണ്. വിദേശത്തുള്ള ഹിന്ദുക്കൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പിന്തുടരുന്നു. അങ്ങനെ ലോകമാകെ സമാജികനിയമങ്ങൾ മാറ്റിയ ഹിന്ദുക്കളെ നോക്കി പരിഹസിയ്ക്കുന്നതും ചീത്ത വിളിക്കുന്നതും ആരാണ്?! ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ രൂപം കൊണ്ട സാമൂഹ്യനിയമങ്ങൾ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും “ലോകമെങ്ങും” നടപ്പാക്കണമെന്ന് ശഠിക്കുന്നവരാണ് ഒരു വിഭാഗക്കാർ! ഭരണഘടന നിർദ്ദേശിക്കുന്ന പൊതുസിവിൽകോഡിനെപ്പോലും അംഗീകരിക്കാൻ കഴിയില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരും, അവരെ നിർലജ്ജം പിന്തുണയ്ക്കുന്നവരുമാണ്, രാജ്യത്തിൻ്റെ നിയമങ്ങൾക്കനുസരിച്ച് എല്ലാം പരിഷ്കരിച്ച ഹിന്ദുക്കളെ കുറ്റപ്പെടുത്തുവാൻ മത്സരിക്കുന്നത്! കോളനി ചൂഷണങ്ങളിലൂടെ ലോകമെങ്ങും അടിമത്തമേൽപ്പിച്ചവരാണ് മറ്റൊരു കൂട്ടർ! നൂറു വർഷത്തിനുള്ളിൽ എട്ട് കോടിയോളം ജനങ്ങളെ കൂട്ടക്കൊല ചെയ്ത കാലഹരണപ്പെട്ടപ്രത്യയശാസ്ത്രം ചുമക്കുന്നവരുമുണ്ട്
സനാതനധർമ്മനശീകരണത്തിനായി മുൻപന്തിയിൽ!
വർണസമ്പ്രദായം, പിന്നീട് ജാതി വ്യവസ്ഥയായി മാറി അധഃപതിച്ചുവെന്നത് വാസ്തവമാണ്. അതിനാൽ വർണ്ണക്രമത്തിനെതിരെയുള്ള ആക്രമണങ്ങൾ ഏറെക്കുറെ മനസിലാക്കാനാവും. എന്നാൽ ആശ്രമവ്യവസ്ഥയെന്ത് പിഴച്ചു?! ആശ്രമധർമ്മവ്യവസ്ഥയെ ചിലർ എതിർക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അതെന്താണെന്ന സാമാന്യധാരണ പോലുമില്ലാത്തവരാണ് ചാനൽ ചർച്ചകളിലും, പ്രഭാഷണവേദിയിലും “ഘോര ഘോരം” പ്രസംഗിക്കുന്നത് !
ഒരു മനുഷ്യന് നാല് സുപ്രധാന കാലഘട്ടങ്ങളുണ്ടെന്നും ആ സമയങ്ങളിൽ സ്വീകരിക്കേണ്ട ജീവിതക്രമങ്ങളെന്തെന്നും വിശദീകരിക്കുന്നതാണ് ആശ്രമധർമ്മസംവിധാനം. അതിന് വർണവ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല.

ആശ്രമവ്യവസ്ഥയെന്തെന്ന് ചുരുക്കത്തിൽ വിശദീകരിയ്ക്കാം.

നാല് ജീവിത ഘട്ടങ്ങൾ:
ഏത് മനുഷ്യൻ്റെയും ജീവിതത്തിൽ 4 സുപ്രധാന കാലഘട്ടങ്ങളുണ്ട്. ഈ നാല് ജീവിതസന്ദർഭത്തിലും ബാഹ്യരൂപത്തിൽ മാത്രമല്ല, താത്പര്യം (അഭിരുചി ) ആരോഗ്യം, അറിവ്, ശക്തി, കഴിവ്, ഊർജ്ജം, സ്വഭാവം, ചിന്താഗതി എന്നിവയിൽ മനുഷ്യൻ വ്യത്യസ്തത പ്രകടിപ്പിക്കാറുണ്ട്.
ശൈശവം, ബാല്യം, കൗമാരം, എന്നിവയുൾപ്പെടുന്നതാണ് ആദ്യഘട്ടം
(ബാലകർ).യൗവനാവസ്ഥ രണ്ടാം ഘട്ടം (യുവാക്കൾ). യൗവനാവസാനം മുതൽ വാർദ്ധക്യം വരെയുള്ള ഘട്ടമാണ് മൂന്നാമത്തേത് (മധ്യവയസ്കർ) വാർദ്ധക്യാവസ്ഥയാണ് നാലാമത്തേത് (വൃദ്ധർ).
പ്രായം മാത്രമല്ല ഒരാളുടെ ആരോഗ്യം, കഴിവുകൾ, ശക്തി, പ്രത്യേകതകൾ, കാലദേശാവസ്ഥ, സാഹചര്യം എന്നിവയനുസരിച്ചാണ് ഓരോരുത്തരും ഏത് ഘട്ടത്തിലാണെന്ന് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് എഴുപതുകളിലും യുവാവിൻ്റെ പ്രസരിപ്പോടെ കർമ്മനിരതരാകാൻ കഴിയുന്നവരുണ്ട്.
എങ്കിലും സാധാരണയായി ഏകദേശം 21-25 വയസ് വരെ ഒന്നാം ഘട്ടത്തിലാണെന്ന് കണക്കാക്കാം.
25 മുതൽ 50-60 വരെ രണ്ടാം ഘട്ടത്തിലും 50-60 മുതൽ 65 -70 വയസ് വരെ മൂന്നാം ഘട്ടത്തിലും തുടർന്ന് നാലാം ഘട്ടത്തിലും ഉൾപ്പെടുത്താം.
സുപ്രധാനമായ ഈ നാല് ജീവിത കാലയളവുകളുടെ പ്രത്യേകതകൾ, പരിമിതികൾ എന്നിവ പരിഗണിച്ച്, അവനവനും (വ്യക്തിയ്ക്കും) സമാജത്തിന്നും പരമാവധി പ്രയോജനകമായ ധന്യജീവിതം നയിക്കുവാൻ സഹായിക്കുക എന്നതാണ് ആശ്രമധർമ്മവ്യവസ്ഥയുടെ താല്പര്യം. ഈ ജീവിതഘട്ടങ്ങൾ ഇങ്ങനെ ചിട്ടപ്പെടുത്തി ജീവിയ്ക്കുമ്പോഴാണ് ചതുരാശ്രമങ്ങൾ (4 ആശ്രമങ്ങൾ) ഉണ്ടാകുന്നത്.
ബാല്യം മുതൽ കൗമാരവും യൗവനാരംഭവും ഉൾപ്പെടുന്ന ആദ്യ വേളയിൽ ബ്രഹ്മചര്യാശ്രമം അഥവാ വിദ്യാർത്ഥിജീവിതം സ്വീകരിയ്ക്കണം. പരാവിദ്യയും (ആദ്ധ്യാത്മികവിദ്യ) അപരാവിദ്യയും (ലൗകികവിദ്യകൾ) പഠിക്കുന്നത് ഈ ആശ്രമത്തിലാണ്. മാതൃകാവ്യക്തിത്വവികസനത്തിനും സ്വഭാവരൂപവത്കരണത്തിനും ഏറ്റവും അനുയോജ്യമായ സമയമാണിത്. കഴിവ്, ശക്തി, ഗുണങ്ങൾ, അറിവ് എന്നിവ നേടാൻ പറ്റിയ പ്രായം.
ബ്രഹ്മചര്യാശ്രമത്തിൻ്റെ ഭാഗമായി ഗുരുകുലത്തിൽ കഴിയുന്ന ബ്രഹ്മചാരി (ബ്രഹ്മചാരി എന്ന പദത്തിൻ്റെ ഇവിടുത്തെ അർത്ഥം വിദ്യാർത്ഥി) അതിനനുസരിച്ചുള്ള തത്വങ്ങൾ, അഭ്യാസങ്ങൾ, നിയമങ്ങൾ പിന്തുടരണം. മറ്റ് മൂന്ന് ആശ്രമങ്ങളിലും വിജയകരമായി ജീവിക്കുവാനുള്ള മികച്ച പരിശീലനം നൽകാൻ നല്ലവണ്ണം തയ്യാറാക്കപ്പെട്ട ബ്രഹ്മചര്യാശ്രമത്തിന് സാധിക്കും.

യൗവനത്തിൽ തുടങ്ങി ഏതാണ്ട് മധ്യായുസ് വരെയുള്ള (25 വയസ് മുതൽ ഏതാണ്ട് 50 – 60 വയസു വരെ) സന്ദർഭത്തിലാണ് ഗൃഹസ്ഥാശ്രമം സ്വീകരിക്കേണ്ടത്. ഉപജീവനമാർഗം തേടുക, വിവാഹിതനാകുക, സന്താനപരിപാലനം, അച്ഛനുമമ്മയുൾപ്പെടുന്ന കുടുംബത്തെ മാത്രമല്ല സമാജത്തേയും, തന്നെ ആശ്രയിച്ച് കഴിയുന്ന ജീവജാലങ്ങളേയും രക്ഷിയ്ക്കുക എന്നിവയാണ് ഗൃഹസ്ഥൻ്റെ മുഖ്യധർമ്മങ്ങൾ. എല്ലാ ആശ്രമങ്ങളേയും നിലനിർത്തുന്നത് ഗൃഹസ്ഥനാണ്.

ഗാർഹസ്ഥ്യം കഴിഞ്ഞ് വാനപ്രസ്ഥാശ്രമം. തൻ്റെ പ്രധാന ചുമതലകൾ നിറവേറ്റിയതിനു ശേഷമുള്ള ‘റിട്ടയേഡ് ലൈഫ്’ എന്ന് പറയാം. കുടുംബത്തിനപ്പുറം സമാജനന്മയ്ക്കായി പ്രവർത്തിക്കുന്ന നിസ്വാർത്ഥജീവിതക്രമമാണ് വാനപ്രസ്ഥാശ്രമത്തിലുള്ളത്!
“താനും തൻ്റെ കുടുംബവും” എന്ന സങ്കുചിതവൃത്തത്തിനപ്പുറം കൂടുതൽ വിശാലമായ സമാജസേവനരംഗത്തേയ്ക്കുള്ള
കാൽവയ്പാണ് വാനപ്രസ്ഥിയുടേത് !

വാർദ്ധക്യാവസ്ഥയിലുള്ളതാണ് ‘ആശ്രമസന്യാസം’. ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞോ ബ്രഹ്മചര്യാശ്രമത്തിൽ നിന്ന് നേരിട്ടോ സന്യാസത്തിലേയ്ക്ക് പ്രവേശിയ്ക്കാം. ആത്മാന്വേഷണം എല്ലാക്കാലവും വേണ്ടതാണ്. എങ്കിലും കൂടുതൽ സമയം ഈശ്വരനുമായി ചെലവഴിയ്ക്കുന്ന ആദ്ധ്യാത്മികജീവിതമാണ് ഈ നാലാം ഘട്ടത്തിൽ വേണ്ടത്. ഈശ്വരനും സനാതനധർമ്മത്തിനുമായി ജീവിതമർപ്പിക്കലാണ് സന്യാസതാല്പര്യം. എല്ലാത്തിനോടുമുള്ള ശരിയായ മനോഭാവവും ബന്ധവുമാണ് (സമ്യക് – ന്യാസം) സന്യാസം. പ്രിയപ്പെട്ടവരുടെ വിയോഗം, അവശത, മരണം തുടങ്ങിയവയെ അതിജീവിയ്ക്കാനുള്ള ഉപാധി കൂടിയാണ് ഈ വിധമുള്ള ജീവിതക്രമം.! പരലോകജീവിതത്തിനോ അടുത്തജന്മത്തിനോ ആവശ്യമായ ആദ്ധ്യാത്മികാടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട് ഇതിൽ.

മനുഷ്യൻ്റെ നാല് പ്രധാന ജീവിതഘട്ടങ്ങൾക്കനുസരിച്ച്, വ്യക്തിയ്ക്കും സമാജത്തിനും പരമാവധി പ്രയോജനം ചെയ്യുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ശാസ്ത്രീയമായ വ്യവസ്ഥയാണ് – ആശ്രമധർമ്മം എന്നർത്ഥം ! ഇതിനെയാണ് “കുരുടൻ ആനയെക്കണ്ടതു പോലെ ” ചിലർ മനസിലാക്കുന്നതും വിമർശിക്കുന്നതും !
അറിഞ്ഞോ അറിയാതെയോ ലോകമെങ്ങുമുള്ള മനുഷ്യർ ഈ പ്രായഭേദങ്ങൾക്കനുസരിച്ചുള്ള ജീവിതമാണ് ഇന്നും നടത്തുന്നതെന്നറിയുക. അപ്പോൾ ആശ്രമ വ്യവസ്ഥയുടെ പ്രത്യേകതയെന്താണെന്ന് ചോദിയ്ക്കാം. മനുഷ്യൻ്റെ ഈ നാല് ജീവിതഘട്ടങ്ങളുടെ പ്രത്യേകതയനുസരിച്ച്, ലോകനന്മയ്ക്കായി ബുദ്ധിപൂർവ്വമായ ആസൂത്രണത്തോടെ സംവിധാനം ചെയ്ത ജീവിതവ്യവസ്ഥയാണ് ആശ്രമധർമ്മം. അതാണ് സവിശേഷത.
ഏതെങ്കിലും സന്യാസിമാരുടെ ആശ്രമങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണോ എംഎം അക്ബർ മുതൽ ഇന്നത്തെ ഉന്മൂലനവാദികൾ വരെ ആശ്രമധർമ്മവ്യവസ്ഥയെ എതിർക്കുന്നതെന്നറിയില്ല!. ഏതായാലും ഹിന്ദുധർമ്മത്തിൻ്റെ അടിസ്ഥാന കാര്യങ്ങളിലുള്ള തികഞ്ഞ അജ്ഞതയാണ് ഇത്തരം വിമർശനങ്ങളിലുള്ളതെന്ന് വ്യക്തമാണ്. അതിനാൽ ദയവായി ഇനിയെങ്കിലും ആശ്രമവ്യവസ്ഥയെയെങ്കിലും വെറുതെ വിടുക!
ഇനി ദുഷിച്ച “വർണ്ണാശ്രമവ്യവസ്ഥ”യെന്ന് വിമർശിക്കുന്നവർ തെറ്റ് തിരുത്തി വർണവ്യവസ്ഥയെ മാത്രം കുറ്റപ്പെടുത്തുവാൻ ആരംഭിക്കുമെന്ന് പ്രത്യാശിയ്ക്കുന്നു.!

വർണവ്യവസ്ഥ, ജാതി സമ്പ്രദായം എന്ത്? ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? ജാതി -മാമൂൽ വാദികൾ എങ്ങനെയാണ് സനാതനധർമ്മവിരുദ്ധരായത്? സനാതനധർമ്മത്തേയും അതിലെ ഈശ്വര – ജീവിത ദർശനങ്ങളെയും, ഗുരുപരമ്പരകളേയും അവരെങ്ങനെ അട്ടിമറിച്ചു? ഹിന്ദുജനതയെ എങ്ങനെയൊക്കെ അവർ നശിപ്പിച്ചു.? എന്നീ ചോദ്യങ്ങൾക്കുത്തരം നേടണമെങ്കിൽ നിഷ്പക്ഷമായി വസ്തുതകളെ പരിശോധിക്കണം.. “സവർണരും അവർണരും” എന്ന് വിശേഷിപ്പിക്കപ്പെട്ടവരടക്കമുള്ള, സമൂഹത്തിലെ എല്ലാവരെയും ബാധിച്ചിരുന്ന ജാതി-മാമൂൽവ്യവസ്ഥയുടെ ദൂഷ്യങ്ങൾ നീക്കിയത് സനാതനധർമ്മം ഉയർത്തിപ്പിടിച്ച അദ്ധ്യാത്മികാചാര്യരാണെന്ന വാസ്തവവും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോൾ സനാതനധർമ്മദർശനങ്ങൾക്കും ധർമ്മാചാര്യന്മാർക്കും ഹിന്ദു ജനതയ്ക്കും വിരുദ്ധരായ ജാതി-മാമൂൽവാദസിദ്ധാന്തങ്ങളെ “സനാതനധർമ്മത്തിൻ്റെ തലയിൽ കെട്ടി വയ്ക്കുന്ന ” നീചശ്രമങ്ങൾക്ക് പിന്നിലുള്ളതെന്തെന്നും തിരിച്ചറിയണം. ഇവയെല്ലാം വ്യക്തമാക്കുന്ന തെളിവുകൾ നൽകി അടുത്ത ലേഖനങ്ങളിൽ വിശദീകരിയ്ക്കാം. ദയവായി തുടർച്ചയായി വായിക്കുക, ക്ഷമയോടെ കാത്തിരിക്കുക! (തുടരും)