ശ്രീകൃഷ്ണജയന്തിയോട് (6/9/2023)അനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം:
കൃതയുഗത്തിൽ എത്തിയ ബദരിനാരായണൻ, ത്രേതായുഗത്തിൽ ജനിച്ച ശ്രീരാമൻ, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണൻ എന്നിവരെല്ലാം മഹാനാരായണമഹർഷി (കാരണലോകത്തിലെ ബ്രഹ്മർഷി) യുടെ യുഗാവതാരങ്ങൾ ആയിരുന്നുവെന്ന് വ്യാസമഹാഭാരതം വ്യക്തമാക്കുന്നു. തപ: സ്വാധ്യായാദികളിൽ മുഴുകി സനാതനധർമ്മത്തിൻ്റെ അധ്യയനം,അനുഷ്ഠാനം, പ്രചാരണം എന്നീ പ്രവർത്തനങ്ങളിൽ ചരിച്ച്, ഏറെക്കുറെ നിഗൂഢമായി ജീവിച്ച മഹാത്മാവാണ് ആദിനാരായണൻ. ശ്രീരാമനും ശ്രീകൃഷ്ണനും സനാതനധർമ്മസംരക്ഷണമാണ് കർത്തവ്യമായി ഏറ്റെടുത്തത്.
ശ്രീകൃഷ്ണൻ്റെ അത്ഭുതകരമായ ജീവിത കഥ ഈ പോസ്റ്റിൽ രേഖപ്പെടുത്തിയൊതുക്കുവാൻ കഴിയാത്തതാണെന്ന് ഏവർക്കുമറിയാം. കൃഷ്ണൻ ജനിയ്ക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൻ്റെ മാതാപിതാക്കളെ അമ്മാവനായ കംസൻ കാരാഗൃഹത്തിലടച്ചു. സഹോദരങ്ങളെ അറുകൊല ചെയ്തു. ജനിച്ചത് ജയിലിൽ. അമ്മയുടെ മുലപ്പാൽ നുണയുന്നതിനുള്ള ഭാഗ്യം പോലും ആ ശിശുവിന് ലഭിച്ചില്ല. ജനിച്ചയുടൻ പെറ്റമ്മയിൽ നിന്ന് വേർപെട്ട് പോറ്റമ്മ(വളർത്തമ്മ )യുടെയും വളർത്തച്ഛൻ്റെയും വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെയും നശിപ്പിക്കാൻ ശത്രുക്കൾ! ജീവിതത്തിലെവിടെയും പ്രതിസന്ധികൾ, ശത്രുക്കൾ, വിമർശകർ. അച്ഛൻ, അമ്മ, രാജാവ്, ജനങ്ങൾ എന്നിവരെ മാത്രമല്ല സനാതനധർമ്മത്തേയും ലോകത്തേയും രക്ഷിക്കാൻ വന്നയാൾക്ക് ജീവൻ നിലനിർത്തേണ്ടതുണ്ടല്ലോ? പരീക്ഷണഘട്ടങ്ങൾ വിജയകരമായി അതിജീവിച്ചു. എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തി.
ഒരു പക്ഷേ ഏറ്റവും കൂടുതൽ അപവാദപ്രചരണങ്ങൾക്ക് വിധേയനായ മഹാത്മാവ് ശ്രീകൃഷ്ണൻ ആയിരിക്കണം! (ഇന്നും !).താൻ പഠിപ്പിച്ച സ്ഥിതപ്രജ്ഞതത്വം എന്നും അദ്ദേഹത്തിൻ്റെ വിഭൂഷണമായിരുന്നു. അപമാനത്തേയും ബഹുമാനത്തെയും, നിന്ദയേയും സ്തുതിയേയും, കല്ലേറിനെയും പൂച്ചെണ്ടിനെയും ഒരേ രീതിയിൽ നിശ്ശബ്ദം ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന വിശിഷ്ടമനോഭാവം! താൻ തന്നെ നിർമ്മിച്ച ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയവേളയിൽ എച്ചിലില എടുക്കാനും മഹാത്മാക്കളെ കാൽ കഴുകിച്ചാനയിക്കാനുമുള്ള ചുമതലയാണ് ശ്രീകൃഷ്ണൻ സ്വീകരിച്ചത്. തൻ്റെ സുഹൃത്തും ശിഷ്യനും അനുജനും സഹോദരീഭർത്താവുമായ അർജുനൻ്റെ സാരഥി (ഡ്രൈവർ) ആകുവാനോ, പാഞ്ചാലിയുടെ ചെരുപ്പ് എടുക്കാനോ, ദുർവ്വാസാവ് മഹർഷിയെ ആദരിച്ച് രഥം സ്വയം വലിയ്ക്കുവാനോ മടിയില്ലാതിരുന്ന വിനയാന്വിതൻ!
ശ്രീരാമനും ശ്രീകൃഷ്ണനും നടത്തിയ ധർമ്മയുദ്ധങ്ങളെയും ഭീകരവാദികൾ സാമാന്യജനങ്ങൾക്കെതിരെ അഴിച്ചുവിടുന്ന ജിഹാദിനെയും ഒരു പോലെ ചിത്രീകരിക്കുന്ന പ്രവണതയും ന്യായീകരണശ്രമങ്ങളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇതിനെതിരെയും ജാഗ്രത വേണം.”മാനവരിൽ മഹോന്നനെ “ന്ന് സ്തുതിപാഠകന്മാരാൽ വിശേഷിപ്പിക്കപ്പെടുന്ന ചിലർ ചെയ്തതും, “മാതൃകാപുരുഷൻ്റെ ” ചര്യകളും ഉപദേശങ്ങളും സ്വീകരിച്ച് അനുയായികൾ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ ജിഹാദും, ശ്രീരാമനും ശ്രീകൃഷ്ണനുമടക്കമുള്ള എണ്ണമറ്റ ക്ഷാത്രധർമ്മിഷ്ഠർ നടത്തിയ ധർമ്മയുദ്ധങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ നാം തിരിച്ചറിയണം.
സനാതനധർമ്മം ഉയർത്തിപ്പിടിക്കുന്ന ജീവിതമൂല്യങ്ങളുടെ സംരക്ഷണത്തിനായി, ക്രൂരന്മാരായ ഭരണാധികാരികളോടും അവരുടെ സുശിക്ഷിതരായ പടയാളികളോടും, സന്ധിസംഭാഷണത്തിൻ്റെ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, ഗത്യന്തരമില്ലാതെ നടത്തിയ പോരാട്ടങ്ങളായിരുന്നു ധർമ്മയുദ്ധങ്ങൾ. ഈ വസ്തുത ധർമ്മയുദ്ധചരിത്രങ്ങളായ ഇതിഹാസങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. യുദ്ധസ്ഥലം, യുദ്ധസമയം. യുദ്ധനിയമങ്ങൾ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നു. യുദ്ധവേദിയ്ക്കപ്പുറം സാമാന്യജനങ്ങളോ ആരാധനാലയങ്ങളോ സാംസ്കാരിക കേന്ദ്രങ്ങളൊ- ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല. യുദ്ധക്കളത്തിലെത്തുന്ന ദൂതൻ, വൈദ്യൻ, പിന്തിരിഞ്ഞോടുന്ന ഭടൻ തുടങ്ങിയവരെയൊന്നും ഉപദ്രവിച്ചിരുന്നില്ല. മരിച്ചവരുടെ ബന്ധുക്കളെപ്പോലും വിജയികൾ സംരക്ഷിക്കുന്ന പാരമ്പര്യവുമുണ്ടായിരുന്നു. പുരാതന ഭാരതീയയുദ്ധങ്ങൾക്ക് പോലും നേരും നെറിയുമുണ്ടായിരുന്നുവെന്ന് സാരം.